കണ്ണൂരില്‍ രണ്ടിടങ്ങളില്‍ നിന്നായി ആറ് ബോംബുകള്‍ പിടികൂടി. മുഴക്കുന്ന് പഞ്ചായത്തിലെ നെല്യാട്, വട്ടപ്പോയില്‍ മേഖലകളില്‍ നിന്നാണ് ബോംബുകള്‍ പിടികൂടിയത്. ബാഗിലും ബക്കറ്റിലുമായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍. മുഴക്കുന്ന് പോളിംഗ് ബൂത്തിന്റെ 100 മീറ്റര്‍ അകലെ നിന്ന് ഉഗ്രശേഷിയുള്ള 5 ബോംബുകള്‍ പൊലീസ് കണ്ടെടുത്തത്. പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്തെ കലുങ്കിന് അടിയില്‍ നിന്നാണ് പൊലീസ് ബോംബ് കണ്ടെടുത്തത്.
ഇന്നലെ പ്രദേശത്തു നിന്ന് ബോംബ് സ്ഫോടനത്തിന്റെ ശബ്ദം കേട്ടതായി നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. നാടന്‍ ബോംബാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്ത് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുകയാണ്. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ ഒളിച്ചിരുന്ന മുടക്കോഴി മലയുടെ ഭാഗത്തുളള സ്ഥലമാണിത്.
കഴിഞ്ഞ ദിവസങ്ങളില്‍ മുഴക്കുന്നില്‍ സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തിന്റെ പശ്ചാത്തലതിലാണ് പോലീസ് പരിശോധന നടത്തിയത്.