കോടിയേരി ബാലകൃഷ്ണന്‍ അവധിയില്‍ പ്രവേശിക്കുന്നു: സിപിഎമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി വരുന്നു

CPIM, KODIYERI BALAKRISHNAN

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ അവധിയില്‍ പ്രവേശിക്കുന്ന സാഹചര്യത്തിൽ സിപിഎമ്മിന് പുതിയ സംസ്ഥാന സെക്രട്ടറി വരുന്നു. പകരം സെക്രട്ടറിയെ തെരഞ്ഞെടുക്കും. പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍ എന്നിവരുടെ പേരാണ് പരിഗണനയിലുളളത്. ആരോഗ്യ കാരണങ്ങളെ തുടര്‍ന്ന് ആറ് മാസത്തേക്കാണ് കോടിയേരി അവധിയില്‍ പ്രവേശിക്കുന്നത്.

കോടിയേരി അവധിയില്‍ പോകുന്നതോടെ മുതിര്‍ന്ന നേതാവായ എം.എ.ബേബിയെ സംസ്ഥാന സെക്രട്ടറിയായി നിയമിക്കാനാണ് സാധ്യത. എം.എ. ബേബിയെ പരിഗണിച്ചില്ലെങ്കില്‍ ഇ.പി.ജയരാജന്‍,എം.വി.ഗോവിന്ദന്‍,എ.വിജയരാഘവന്‍ തുടങ്ങിയവര്‍ക്കും സാധ്യതയുണ്ട്. സെക്രട്ടറിയെ മന്ത്രിസഭയില്‍നിന്ന് തിരഞ്ഞെടുക്കുകയാണെങ്കില്‍ മന്ത്രിസഭാ പുനഃസംഘടനയുമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്റെയും ദേശീയ നേതൃത്വത്തിന്റെയും നിലപാടുകള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമാകുമെന്നും സൂചനയുണ്ട്.

അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നരമാസമായി കോടിയേരി സജീവപാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. സംസ്ഥാന സെക്രട്ടറിയുടെ അഭാവത്തില്‍ സംസ്ഥാന സെന്ററിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. അടുത്തിടെ വിദഗ്ധ ചികിത്സക്കായി അദ്ദേഹം വിദേശത്തേക്കും പോയിരുന്നു. ഇനിയും ചികിത്സ തുടരേണ്ടത് ആവശ്യമായതിനാലാണ് കോടിയേരി ഇപ്പോള്‍ അവധിക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. കോടിയേരിയുടെ അപേക്ഷയില്‍ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് അന്തിമതീരുമാനമെടുക്കും.

Read Previous

റാന്നി സ്റ്റേഷനിലെ എസ്‌ഐയെ കാണാനില്ല; അന്വേഷണം തുടങ്ങി

Read Next

കെ എസ് യു പ്രതിഷേധ പ്രകടനം നടത്തി

error: Content is protected !!