മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ ഗ്രൗണ്ടില്‍ കാര്‍ഷിക സെമിനാര്‍

മൂവാറ്റുപുഴ: സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാളെ വൈകിട്ട് 5 ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ ഗ്രൗണ്ടില്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിക്കും.
കാര്‍ഷിക മേഖലയുടെ സമഗ്രമായ ഉന്നമനം ലക്ഷ്യമിട്ട് തയ്യാറാക്കിയ ഡോ. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത് കര്‍ഷകരുടെ അവസാന പ്രതീക്ഷയും നശിപ്പിച്ചു. രാജ്യത്തെ ആകെ റബ്ബര്‍കൃഷിയുടെ 92 ശതമാനവും കേരളത്തിലായിട്ടും റബ്ബര്‍ബോര്‍ഡിന്റെ കേന്ദ്രആസ്ഥാനം കോട്ടയത്തുനിന്ന് ആസാമിലേക്ക് മാറ്റാനുള്ള കേന്ദ്രനീക്കം സര്‍ക്കാരിന്റെ കാര്‍ഷികവഞ്ചനയുടെ തെളിവാണ്.

പരിമിതികള്‍ക്ക് ഇടയിലും കാര്‍ഷിക മേഖലയെ സഹായിക്കുന്ന സമീപനമാണ് കേരളത്തിലെ ഇടതുപക്ഷ ഗവണ്മെന്റില്‍ നിന്നും ഉണ്ടാകുന്നത്. കര്‍ഷകര്‍ക്ക് നല്‍കിവരുന്ന എല്ലാ ആനുകൂല്യങ്ങളും കാലോചിതമായി പരിഷ്‌ക്കരിച്ചു കഴിഞ്ഞു. കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് വളരെ ചെറിയ പ്രീമിയത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ്. ജൈവ പച്ചക്കറി കൃഷിയിലും, നെല്‍കൃഷിയിലും വലിയ വര്‍ദ്ധനവാണ് ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ വരുത്തിയത്. ഈ സാഹചര്യത്തിലാണ് എറണാകുളം ജില്ലയുടെ കാര്‍ഷിക മേഖലയായ മൂവാറ്റുപുഴയില്‍ ‘കാര്‍ഷിക പ്രതിസന്ധിയും പ്രതിരോധവും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നത്.

നാളെ വൈകിട്ട് 5 ന് മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കുന്ന സെമിനാര്‍ സി.പി. എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പ്രൊഫ. സി. രവീന്ദ്രനാഥ്, എം.എം. മണി, ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണന്‍കുട്ടി എം.എല്‍.എ., സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ്, ജി.സി.ഡി.എ. ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, അഡ്വ. ജോയ്സ് ജോര്‍ജ് എം.പി. തുടങ്ങിയവല്‍ സെമിനാറില്‍ സംസാരിക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. പി.എം.ഇസ്മായില്‍ , സെക്രട്ടറി എം.ആര്‍. പ്രഭാകരന്‍ എന്നിവര്‍ അറിയിച്ചു. .

Read Previous

സൗദിയില്‍ എണ്ണ വിലയില്‍ കുറവുണ്ടാകാന്‍ സാധ്യത ; വ്യക്തമാക്കി ധനകാര്യ മന്ത്രി

Read Next

ജെയിംസ്‌ പോള്‍ (57)നിര്യാതനായി

Leave a Reply

error: Content is protected !!