മാര്‍ക്ക് ദാനത്തിന് പിന്നാലെ കേരള സര്‍വകലാശാലയില്‍ പരീക്ഷ ഫലങ്ങളുടെ പുനഃപരിശോധനാചട്ടം ഭേദഗതി ചെയ്തതിനെ ചൊല്ലിയും വിവാദം

മാര്‍ക്ക് ദാനത്തിന് പിന്നാലെ കേരള സര്‍വകലാശാലയില്‍ പരീക്ഷ ഫലങ്ങളുടെ പുനഃപരിശോധനാചട്ടം ഭേദഗതി ചെയ്തതിനെ ചൊല്ലിയും വിവാദം. ആദ്യ പുനര്‍മൂല്യനിര്‍ണയത്തില്‍ പത്ത് ശതമാനത്തിലധികം മാര്‍ക്ക് കിട്ടിയാല്‍ വീണ്ടും മൂല്യനിര്‍ണയം നടത്തണമെന്ന ചട്ടം പിന്‍വലിച്ചതാണ് വിവാദമായത്. നൂറുക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഭേഗതിയിലൂടെ പാസ്സായത്. വിവാദമായതോടെ ചട്ടഭേദഗതി പിന്‍വലിച്ചെങ്കിലും മാര്‍ക്ക് ലിസ്റ്റുകളെല്ലാം വിതരണം ചെയ്തുകഴിഞ്ഞു.

ആദ്യ ഫലത്തെക്കാള്‍ പത്തു ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തില്‍, കിട്ടിയാല്‍ വീണ്ടും മൂല്യനിര്‍ണയം നടത്തണം. രണ്ട് പുനര്‍മൂല്യ നിര്‍ണയ ഫലങ്ങളുടെ ശരാശരി മാര്‍ക്ക് വിദ്യാര്‍ത്ഥിക്ക് നല്‍കണം. ഇതാണ് സര്‍വകലാശാല ചട്ടം. കഴിഞ്ഞ ജൂണില്‍ മൂന്നാമത്തെ മൂല്യനിര്‍ണയം പിന്‍വലിച്ച് കേരള സര്‍വകലാശാല ചട്ടം ഭേദഗതി ചെയ്തു. ഒറ്റ പ്രാവശ്യം പുനര്‍മൂല്യനിര്‍ണയം നടത്തി, അതില്‍ കിട്ടുന്ന മാര്‍ക്ക് അനുവദിക്കുന്നതായിരുന്നു ഭേദഗതി. സിപിഎം അംഗങ്ങള്‍ മാത്രമുള്ള സിന്റിക്കേറ്റാണ് തീരുമാനം എടുത്തത്. തുടര്‍ന്ന് നടന്ന ഡിഗ്രി പരീക്ഷകളില്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ഭേദഗതിയുടെ ഗുണം കിട്ടിയത്. ബിഎ, ബിടെക്ക്, എല്‍എല്‍ബി പരീക്ഷകളില്‍ തോറ്റ കുട്ടികള്‍, ഒറ്റത്തവണ പുനര്‍മൂല്യനിര്‍ണയത്തിലൂടെ ജയിച്ചു. എല്‍എല്‍ബി ലോ ഓഫ് ക്രൈം പേപ്പറിന് ആദ്യം 2 മാര്‍ക്ക് മാത്രം കിട്ടിയ കുട്ടി, പുനര്‍മൂല്യനിര്‍ണയത്തില്‍ 36 മാര്‍ക്ക് നേടി പാസ്സായി. ബിഎ ഇംഗ്ലീഷ്, പോയട്രി ആന്റ് ഗ്രാമര്‍ പരീക്ഷയ്ക്ക് 5 മാര്‍ക്ക് കിട്ടിയ വിദ്യാര്‍ത്ഥിക്ക് പിന്നെ കിട്ടിയത് 40 മാര്‍ക്ക്. ഇങ്ങനെ നാനൂറ് പേര്‍ക്ക് ഇരുപത് ശതമാനത്തിലധികവും, മൂന്നൂറ് പേര്‍ക്ക് പത്ത് ശതമാനത്തിലധികവും മാര്‍ക്ക് കിട്ടി.

പുനര്‍മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക് വ്യത്യാസമുണ്ടായാല്‍ ആദ്യ പേപ്പര്‍ നോക്കിയ നടത്തിയ അധ്യാപകരില്‍ പിഴ ഈടാക്കണമെന്നാണ് ചട്ടം. ഇങ്ങനെ പിഴ ഈടാക്കാന്‍ പരീക്ഷവവിഭാഗം നടപടി ആരംഭിച്ചപ്പോളാണ്, മൂന്നാം മൂല്യനിര്‍ണയം നിര്‍ത്തലാക്കിയുള്ള ഭേദഗതി മുന്‍കാല പ്രാബല്യത്തോടെ സര്‍വകലാശാല പിന്‍വലിച്ചത്. ഭേദഗതി പിന്‍വലിച്ചതോടെ പത്തു ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് കിട്ടിയ ഉത്തരക്കടലാസുകള്‍ വീണ്ടും മൂല്യനിര്‍ണയത്തിന് അയക്കണം. എന്നാല്‍ മാര്‍ക്ക് ലിസ്റ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി കഴിഞ്ഞു. പുനര്‍മൂല്യനിര്‍ണയത്തിന് എടുക്കുന്ന കാലതാമസം ഒഴിവാക്കാനായിരുന്നു ചട്ട ഭേദഗതി എന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. മറ്റ് കാര്യങ്ങള്‍ പരിശോധിക്കുമെന്നും വിസി വ്യക്തമാക്കി.

Read Previous

12 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി

Read Next

താ​ര​പു​ത്രി​യാ​യി​ട്ടു പോ​ലും സി​നി​മ​യി​ല്‍ നി​ന്ന് മോ​ശ​മാ​യ അ​നു​ഭ​വം നേ​രി​ട്ടി​ട്ടു​ണ്ടെ​ന്ന് വ​ര​ല​ക്ഷ്മി

error: Content is protected !!