മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് മർദ്ദിച്ചതായി പരാതി

കോഴിക്കോട്: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് മർദ്ദിച്ചതായി പരാതി. കാലിൽ കയറി നിന്ന് കാൽപാദത്തിൽ ലാത്തി കൊണ്ട് മർദ്ദിച്ചതായാണ് യുവാവിന്‍റെ പരാതി. അവശനിലയിലായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൂടരഞ്ഞി കൽപ്പൂര്‍ പുത്തൻവീട്ടിൽ ഹാഷിറിനെ തിരുവമ്പാടി പൊലീസ് മർദിച്ചതായാണ് പരാതി. രണ്ടാഴ്ച മുൻപ് കൂടരഞ്ഞി കൽ പൂരിൽ ഒരു കല്യാണവീട്ടിൽനിന്നും പണം നഷ്ടപെട്ടതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഹാഷിറിനെ പൊലീസ് വിളിച്ചുവരുത്തിയത്. സംശയമുള്ള ആളുകളുടെ ലിസ്റ്റില്‍ ഹാഷിറുമുണ്ടായിരുന്നു.

ചോദ്യം ചെയ്യുന്നതിനിടെ പൊലീസുകാർ കാലില്‍ കയറിനിന്ന് ലാത്തി കൊണ്ട് പാദങ്ങളില്‍ അടിക്കുകയായിരുന്നു എന്നാണ് പരാതി. ഇയാള്‍ ഇപ്പോൾ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കല്യാണം കഴിഞ്ഞ ദിവസങ്ങളില്‍ പരാതി നൽകാതെ രണ്ടാഴ്ച കഴിഞ്ഞ് നല്‍കിയ പരാതിയിലാണ് പൊലീസുകാര്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചതെന്ന് യുവാവ് പറയുന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ തയ്യാറെടുക്കുകയാണ് ഹാഷിര്‍. അതേസമയം ഹാഷിര്‍ അടക്കമുള്ളവരെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതല്ലാതെ ആരെയും മർദിച്ചിട്ടില്ലെന്നാണ് തിരുവമ്പാടി പൊലീസ് പറയുന്നത്.

Read Previous

ജോളി ജോസഫിന് വേണ്ടി അഭിഭാഷകന്‍ ബി എ ആളൂര്‍ നാളെ കോടതിയില്‍ ഹാജരാകും:  വക്കാലത്തില്‍ ഒപ്പിട്ടു 

Read Next

കേരള ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നു, സര്‍ക്കാരിന് അനുമതി

error: Content is protected !!