ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടൻ ഹരീഷ് റായ് (55) അന്തരിച്ചു. ഏറെ നാളായി അർബുദ ബാധിതനായിരുന്നു. ‘ഓം’, ‘കെജിഎഫ്’ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായ നടൻ, ബെംഗളൂരുവിലെ കിദ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിൽ ചികിത്സയിലായിരുന്നു. തൻ്റെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ചികിത്സയുടെ സാമ്പത്തിക ഭാരത്തെക്കുറിച്ചും ഹരീഷ് റായ് തുറന്നുപറഞ്ഞിരുന്നു.
കന്നഡ സിനിമയുടെ സുവർണ കാലഘട്ടത്തിലാണ് ഹരീഷ് റായിയുടെ സിനിമാ ജീവിതം ആരംഭിച്ചത്. 1990 കളിലെ സൂപ്പർഹിറ്റ് ചിത്രമായ ‘ഓം’ എന്ന ചിത്രത്തിലെ ഡോൺ റോയി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. ആ കഥാപാത്രത്തിന്റെ പേര് അദ്ദേഹം സ്വന്തം പേരിനൊപ്പം ചേര്ത്തു. പിന്നീട് തമിഴിലും കന്നഡയിലുമായി നിരവധി സിനിമകളിൽ വൈവിധ്യമാർന്ന വേഷങ്ങളിലൂടെ റായ് വെള്ളിത്തിരയിൽ തന്റെ ആധിപത്യം സ്ഥാപിച്ചു.


