ഉറങ്ങാനായി റോഡ് സൈഡില്‍ കാര്‍ നിര്‍ത്തിയിട്ടു; ലോറിയിടിച്ചു കയറി യുവാവിന് ദാരുണാന്ത്യം

പേരാമംഗലം: യാത്രയ്ക്കിടെ ഉറങ്ങാനായി റോഡ് സൈഡില്‍ പാര്‍ക് ചെയ്ത കാറില്‍ ലോറി ഇടിച്ചു കയറി യുവാവ് മരിച്ചു. കണ്ണൂര്‍ ശ്രീകണ്ഠപുരം നെടുങ്ങോം അറയ്ക്കപറമ്പില്‍ മാത്യുവിന്റെ മകന്‍ ബിനേഷ് മാത്യു (41) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ അഞ്ചുമണിയോടെ തൃശൂര്‍ പേരാമംഗലം പോലീസ് സ്‌റ്റേഷനടുത്ത് അമലനഗര്‍ ചീരക്കുഴി ക്ഷേത്രത്തിന് മുമ്പിലായിരുന്നു അപകടം. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്.

കണ്ണൂരില്‍നിന്ന് കോട്ടയത്തേക്ക് കാറോടിച്ചുപോവുകയായിരുന്നു ബിനേഷ്. യാത്രക്കിടെ അമ്പലത്തിന് മുമ്പിലെ ഒഴിഞ്ഞ ഇടം നോക്കി കാര്‍ നിര്‍ത്തി ഉറങ്ങുകയായിരുന്നു. തൊട്ടുമുമ്പിലായി ഒരു ലോറിയും നിര്‍ത്തിയിട്ടിരുന്നു. തടികയറ്റിവന്ന മിനിലോറി നിയന്ത്രണംവിട്ട് കാറില്‍ ഇടിച്ചായിരുന്നു അപകടം. മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്കും ഇടിച്ച ലോറിക്കും ഇടയില്‍പ്പെട്ട കാര്‍ നിശ്ശേഷം തകര്‍ന്നു.

വലിയ ശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ കണ്ടത് ഇടിയുടെ ആഘാതത്തില്‍ കാറിന്റെ എന്‍ജിന്‍ കത്തുന്നതാണ്. നാട്ടുകാരും ഹൈവേ പോലീസും ചേര്‍ന്ന് അരമണിക്കൂര്‍ ശ്രമത്തിനൊടുവിലാണ് കാറില്‍നിന്ന് ബിനേഷിനെ പുറത്തെടുത്തത്. പുറത്തെടുക്കുമ്ബോഴേക്കും മരിച്ചിരുന്നു.

Rashtradeepam Desk

Read Previous

ശബരിമല വഴിപാട് സ്വർണ്ണത്തിലെ കുറവ്: സ്ട്രോംഗ് റൂം തുറന്ന് പരിശോധിക്കും

Read Next

കെഎം മാണിക്ക് നിയമസഭയുടെ ആദരവ്

Leave a Reply