ശ്വാസം നിലയ്ക്കാത്ത ദേശം പദ്ധതി ശ്ലാഹനീയം : ജസ്റ്റിസ് അബ്ദുള്‍ റഹിം

PERUMBAVOOR, RASHTRADEEPAM

പെരുമ്പാവൂര്‍ : പെരുമ്പാവൂര്‍ മണ്ഡലത്തില്‍ ആരോഗ്യ മേഖലയില്‍ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നടപ്പിലാക്കുന്ന ശ്വാസം നിലയ്ക്കാത്ത ദേശം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഹനീയമെന്ന് കേരളാ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് സി.കെ അബ്ദുള്‍ റഹിം അഭിപ്രായപ്പെട്ടു. സാന്ത്വന പരിചരണം ആവശ്യമായ മണ്ഡലത്തിലെ കിടപ്പു രോഗികള്‍ക്ക് എം.എല്‍.എ ഫണ്ടില്‍ നിന്നും ഓക്‌സിജന്‍ കോണ്‍സെന്ററേറ്ററുകളുടെ വിതരണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തിലെ ഏറ്റവും ധന്യമായ ഒരു കടമയാണ് ഇവിടെ നിറവേറ്റപ്പെടുന്നത്. എന്താണ് സമൂഹത്തില്‍ നടപ്പാക്കേണ്ട വികസനത്തിന്റെ മുന്‍ഗണനക്രമം എന്നത് തീരുമാനിക്കുമ്പോള്‍ അതില്‍ ആരോഗ്യ മേഖലക്ക് പ്രാധാന്യം നല്‍കുന്നത് പ്രശംസനീയമാണ്. കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത ഒരു ഓക്‌സിജന്‍ കോണ്‍സെന്ററേറ്റര്‍ തന്റെ അയല്‍വാസിയായ കിടപ്പുരോഗിക്ക് പ്രയോജനം ചെയ്തത് അദ്ദേഹം അനുസ്മരിച്ചു.

എം.എല്‍.എ ഫണ്ടില്‍ നിന്നും 11 ലക്ഷം രൂപ അനുവദിച്ചാണ് 22 ഓക്‌സിജന്‍
കോണ്‍സെന്ററേറ്ററുകള്‍ മണ്ഡലത്തിലെ 7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നല്‍കിയത്. കഴിഞ്ഞ വര്‍ഷം 8.24 ലക്ഷം രൂപ ചെലവഴിച്ചു നല്‍കിയ 16 കോണ്‍സെന്ററേറ്ററുകള്‍ 117 കിടപ്പുരോഗികള്‍ക്ക് സഹായകരമായതായി അധ്യക്ഷ പ്രസംഗത്തില്‍ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി സൂചിപ്പിച്ചു. ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്ന് നല്‍കിവരുന്ന ഓക്‌സിജന്‍ സിലിണ്ടറുകള്‍ സാധാരണക്കാരായ രോഗികള്‍ക്ക് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഇത്തരത്തില്‍ ഒരു പദ്ധതിക്ക് രൂപം നല്‍കിയത്. തന്റെ ഭര്‍ത്താവിന്റെ ജീവന്‍ നിലനിര്‍ത്തുന്നതിനുള്ള ഒരു വീട്ടമ്മയുടെ അഭ്യര്‍ത്ഥനയാണ് ഈ പദ്ധതി ആവിഷ്‌കരിക്കുന്നതിന് പ്രേരിപ്പിച്ചത്.

അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സതി ജയകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ഗോപാലകൃഷ്ണന്‍, മുംതാസ് സി.കെ, വൈസ് പ്രസിഡന്റുമാരായ ജോജി ജേക്കബ്ബ്, മനോജ് മൂത്തേടന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.എം സലിം, എം.എ ഷാജി, കുഞ്ഞുമോള്‍ തങ്കപ്പന്‍, രമ ബാബു, ജിഷ സോജന്‍, സൗമിനി ബാബു, വൈസ് പ്രസിഡന്റുമാരായ ജോസ് വര്‍ഗീസ്, പ്രീതി ബിജു, മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് ബിജു ജോണ്‍ ജേക്കബ്ബ് എന്നിവര്‍ പ്രസംഗിച്ചു.

Read Previous

സംസ്ഥാന സ്‌കൂള്‍ കായികോത്സവം: എറണാകുളം മുന്നില്‍

Read Next

സ്വര്‍ണവില കുറഞ്ഞു

error: Content is protected !!