രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരെ വെടിവെക്കൂ: കേന്ദ്രമന്ത്രി

BJP, SPEECH

ദില്ലി: രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരെ വെടിവെക്കാന്‍ കേന്ദ്രമന്ത്രിയുടെ യോഗത്തില്‍ മുദ്രാവാക്യം. കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് താക്കൂര്‍ പങ്കെടുത്ത യോഗത്തിലാണ് മന്ത്രി പ്രവര്‍ത്തകരെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത്. ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണ് കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന. രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരെ എന്ന് ആഹ്വാനം ചെയ്ത താക്കൂര്‍, പ്രവര്‍ത്തകരെക്കൊണ്ട് ‘വെടിവെക്കൂ” മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു. പ്രസംഗത്തിന്‍റെ വീഡിയോ ട്വിറ്ററില്‍ വൈറലായി. ‘ദേശ് കെ ഗദ്ദറോണ്‍’….എന്ന് താക്കൂര്‍ വിളിക്കുകയും ‘ഗോലി മാരോ സാലോണ്‍ കോ’ എന്ന് പ്രവര്‍ത്തകരെക്കൊണ്ട് വിളിപ്പിക്കുകയുമായിരുന്നു. മുതിര്‍ന്ന നേതാവ് ഗിരിരാജ് സിംഗിന്‍റെ സാന്നിധ്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ ആഹ്വാനം.

അനുരാഗ് താക്കൂറിന്‍റെ വിവാദ പ്രസ്താവനക്ക് ശേഷം പരിപാടിയില്‍ അമിത് ഷാ എത്തി. അനുരാഗ് താക്കൂറിന്‍റെ പ്രസംഗത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് എഎപി നേതാക്കള്‍ അറിയിച്ചു. കേന്ദ്രധനകാര്യ സഹമന്ത്രിയായ അനുരാഗ് താക്കൂറിന് രാജ്യത്തെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ഒന്നും പറയാനില്ലാത്തതിനാലാണ് ഇത്തരത്തില്‍ പ്രസംഗിക്കുന്നതെന്ന് എഎപി കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം എന്നിവ നേരിടുന്നതിനിടെ സഹമന്ത്രി ആളുകളെ വെടിവെച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്യുകയാണെന്നും എഎപി ആരോപിച്ചു. കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തി.

Read Previous

തിരുവനന്തപുരത്തു സിപിഎം ആര്‍എസ്‌എസ് സംഘര്‍ഷം

Read Next

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യു കെ ജി വിദ്യാർത്ഥി മരിച്ചു

error: Content is protected !!