മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ തെരുവില്‍ കഴിയുന്നവര്‍ക്കായി മൂവാറ്റുപുഴ ടൗണ്‍ യു.പി.സ്കൂളില്‍ ഒരുക്കിയിരിക്കുന്ന താല്‍ക്കാലിക അതിഥി കേന്ദ്രത്തിലേയ്ക്ക് ടി.വി.വാങ്ങി നല്കി എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി. കോവിഡ് 19നെ തുടര്‍ന്ന് ആരാരുമില്ലാത്തവരെയും കിടപാടംമില്ലാത്തവരുമായി തെരുവില്‍ കഴിഞ്ഞിരുന്ന 33 ഓളം അന്തേവാസികളെയാണ് മൂവാറ്റുപുഴ ടൗണ്‍ യു.പി സ്കൂളില്‍ പ്രത്യേകം സജ്ജീകരിച്ച അതിഥി കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നുകളും വസ്ത്രങ്ങളുമടക്കം സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നല്കി സംരക്ഷിച്ച് വരികയാണ്. ജീവിതത്തില്‍ ഒറ്റപ്പെട്ട് പോയ ഇവര്‍ക്ക് ഇവര്‍ക്ക് സന്തോഷകരമായ ജീവിതം ആസ്വദിക്കുന്നതിനാണ് എ.ഐ.വൈ.എഫിന്റെ നേതൃത്വത്തില്‍ ടി.വി.വാങ്ങി നല്‍കിയത്. കേരള വിഷന്‍ സൗജന്യമായി കേബിള്‍ കണക്ഷനും നല്കി. ടി.വിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എന്‍.അരുണ്‍, മണ്ഡലം പ്രസിഡന്റ് ജോര്‍ജ് വെട്ടികുഴി എന്നിവര്‍ സംമ്പന്ധിച്ചു.

