ജീപ്പിൽ നിന്ന് കുഞ്ഞ് വീണ സംഭവം; ഭാര്യ ഉറങ്ങിപ്പോയതാണെന്ന് കുഞ്ഞിന്റെ അച്ഛൻ

ഇടുക്കി: മൂന്നാർ രാജമലയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിൽ നിന്നും ഒന്നര വയസ്സുള്ള കുഞ്ഞ് തെറിച്ചു വീണ സംഭവത്തില്‍ വിശദീകരണവുമായി കുഞ്ഞിന്റെ അച്ഛൻ സതീഷ്.

മരുന്ന് കഴിച്ചതിന്‍റെ ക്ഷീണത്തിൽ ഭാര്യ ഉറങ്ങി പോയതുകൊണ്ടാണ് കുഞ്ഞ് പുറത്തേക്ക് വീണ കാര്യം അറിയാതെ പോയതെന്ന് സതീഷ് പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിക്കാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു. സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കേസെടുക്കേണ്ടെന്നാണ് പൊലീസിന്‍റെ തീരുമാനം.

സതീഷിന്‍റെയും സത്യഭാമയുടെയും മൂന്ന് മക്കളിൽ ഇളയ ആളാണ് രാജമലയിൽ വാഹനത്തിൽ നിന്നും വീണത്. പളനി ക്ഷേത്രത്തിൽ പോയി തിരികെ വരുമ്പോഴായിരുന്നു സംഭവം. മൂത്ത മക്കളിലൊരാൾ സത്യഭാമയുടെ അരികിലിരുന്നിരുന്ന ബന്ധുവിന്‍റെ കയ്യിലുണ്ടായിരുന്നു.  ജീപ്പിലുണ്ടായിരുന്നവർ ഇടക്ക് ഉണർന്നു നോക്കിയപ്പോൾ വഴിയിൽ വീണ കുഞ്ഞാണ് ഇവരുടെ കയ്യിലിരിക്കുന്നതെന്നാണ് കരുതിയത്.

വെള്ളത്തൂവലിലെത്തി ജീപ്പിൽ നിന്നും ഇറങ്ങുമ്പോഴാണ് കുഞ്ഞ് കൂടെയില്ലെന്ന വിവരം അറിയുന്നതും പൊലീസിനെ സമീപിക്കുന്നതും. കുഞ്ഞിനെ തിരിച്ചു കിട്ടിയതിന്‍റെ സന്തോഷത്തിലാണിവർ. പരുക്കേറ്റ കുഞ്ഞിനെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. സംഭവം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസെടുക്കേണ്ടെന്ന് പൊലീസ് തീരുമാനിച്ചത്. സതീഷിനെ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.

Read Previous

കൊലക്കേസ് പ്രതി ആറ് വർഷത്തിന് ശേഷം പിടിയില്‍

Read Next

വീല്‍ചെയറിലിരുന്ന ഭിന്നശേഷി യാത്രക്കാരിയോട് മോശമായി പെരുമാറിയതായി പരാതി

error: Content is protected !!