easter

സാഹിത്യകാരി അഷിത അന്തരിച്ചു,

സംസ്‌ക്കാരം ഇന്ന് ഉച്ചയോടെ

QHSE

തൃശൂര്‍: പ്രശസ്ത കഥാകാരി അഷിത (63) അന്തരിച്ചു. രാത്രി ഒന്നിന് അശ്വിനി ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദരോഗ ബാധിതയായ അഷിത ഏറെ നാളായി ചികിത്സയിലായിരുന്നു. ഭൗതിക ശരീരം തൃശൂര്‍ കിഴക്കുംപാട്ടുകര സ്ട്രീറ്റ് നമ്പര്‍ 13, ലക്ഷ്മി നാരായണ എന്‍ക്ലേവിലെ അന്നപൂര്‍ണ എന്ന വീട്ടില്‍ എത്തിച്ചു.

സംസ്‌കാര ചടങ്ങുകള്‍ ഉച്ചയോടെ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പൊതുദര്‍ശനം വേണ്ടെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ചെറുകഥകളില്‍ തുറന്നുപറച്ചിലിന്റെ പുതിയൊരു ലോകം സൃഷ്ടിച്ച അഷിത മനോഹരങ്ങളായ ബാലസാഹിത്യ കൃതികളുടെ കര്‍ത്താവാണ്. പരിഭാഷയിലൂടെ മറ്റു ഭാഷാസാഹിത്യം മലയാളത്തിനു പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ച അഷിതയാണ് ഹൈക്കു കവിതകള്‍ മലയാളത്തില്‍ പരിചിതയാക്കിയത്. ബാലസാഹിത്യകാരി, ചെറുകഥാകൃത്ത്, കവയിത്രി, വിവര്‍ത്തക എന്നീ നിലകളില്‍ മലയാള സാഹിത്യത്തിന് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

1956 ഏപ്രില്‍ 5-നു തൃശൂര്‍ ജില്ലയിലെ പഴയന്നൂരിലാണു ജനിച്ചത്. ഡിഫന്‍സ് റിട്ട. അക്കൗണ്ട്സ് ഓഫിസര്‍ കെ.ബി. നായരുടെയും (കഴങ്ങോടത്ത് ബാലചന്ദ്രന്‍ നായര്‍) തെക്കേ കറുപ്പത്ത് തങ്കമണിയമ്മയുടെയും മകളാണ്. ഭര്‍ത്താവ് പ്രഫ. രാമന്‍കുട്ടി (ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്മെന്റ്, കേരള സര്‍വകലാശാല). മകള്‍: ഉമ. സ്‌കൂള്‍ വിദ്യാഭ്യാസം ഡല്‍ഹിയിലും മുംബൈയിലുമായിരുന്നു. എറണാകുളം മഹാരാജാസ് കോളജില്‍നിന്ന് ഇംഗ്ലിഷില്‍ ബിരുദാനന്തര ബിരുദം നേടി.

അലക്‌സാണ്ടര്‍ പുഷ്‌കിന്റെ കവിതകള്‍ അടക്കം റഷ്യന്‍ കവിതകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കായി രാമായണം, ഐതീഹ്യമാല എന്നീ കൃതികളും പുനരാഖ്യാനം ചെയ്തു. വിസ്മയചിഹ്നങ്ങള്‍, അപൂര്‍ണവിരാമങ്ങള്‍, അഷിതയുടെ കഥകള്‍, മഴമേഘങ്ങള്‍, ഒരു സ്ത്രീയും പറയാത്തത്, മയില്‍പ്പീലി സ്പര്‍ശം, കല്ലുവച്ച നുണകള്‍, ശിവേന സഹനര്‍ത്തനം, വിവാഹം ഒരു സ്ത്രീയോടു ചെയ്യുന്നത് തുടങ്ങിയവയാണു കൃതികള്‍. അടുത്തിടെ പ്രസിദ്ധീകരിച്ച, അഷിതയുടെ ആത്മകഥാപരമായ അഭിമുഖം തുറന്നുപറച്ചിലുകളുടെ പുതിയൊരു ലോകമാണു തുറന്നിട്ടത്.

2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്‌കാരം അഷിതയുടെ കഥകള്‍ എന്ന കൃതിക്കു ലഭിച്ചു. ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, പത്മരാജന്‍ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ആധുനികതയ്ക്കു ശേഷം വന്ന തലമുറയിലെ സ്ത്രീ കഥാകൃത്തുക്കളില്‍ പ്രമുഖയാണ്. റഷ്യന്‍ കവിതകള്‍ പദവിന്യാസങ്ങള്‍ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

Subscribe to our newsletter
ADS Here 648 111

Leave A Reply

Your email address will not be published.