Home Crime & CourtCourt അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം; ഉടന്‍ വിട്ടയയ്ക്കാന്‍ സുപ്രീംകോടതി; സര്‍ക്കാര്‍ വിരോധം തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കണ്ട് നില്‍ക്കാനാകില്ലെന്ന് കോടതി

അര്‍ണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം; ഉടന്‍ വിട്ടയയ്ക്കാന്‍ സുപ്രീംകോടതി; സര്‍ക്കാര്‍ വിരോധം തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ കണ്ട് നില്‍ക്കാനാകില്ലെന്ന് കോടതി

by Rashtradeepam Desk

മുംബൈയിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായിക്കിന്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാപ്രേരണക്കേസില്‍ റിപ്പബ്‌ളിക് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. അര്‍ണബിനെയും മറ്റുരണ്ടു പ്രതികളെയും ഉടന്‍ വിട്ടയയ്ക്കാന്‍ ഉത്തരവ്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ കോടതിയാണ് ഹര്‍ജി പരിഗണിച്ച് ജാമ്യം അനുവദിച്ചത്. എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അര്‍ണബിന് ജാമ്യം ലഭിക്കുന്നത്. ജാമ്യ ഉത്തരവ് നടപ്പിലാക്കിയശേഷം അത് തങ്ങളെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇടക്കാല ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് തെറ്റെന്ന് സുപ്രീംകോടതി പറഞ്ഞു. അര്‍ണബിന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കല്‍ ആണെന്നും മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം ആണെന്നും ഹര്‍ജിയില്‍ വാദിച്ചു.

സംസ്ഥാനസര്‍ക്കാര്‍ വിരോധം തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കണ്ട് നില്‍ക്കാനാകില്ലെന്ന് നേരത്തെ കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു. ആത്മഹത്യാപ്രേരണ വകുപ്പ് എങ്ങനെയാണ് ഈ കേസില്‍ വരികയെന്നും കോടതി സംശയം പ്രകടിപ്പിച്ചു. പണം നല്‍കാനുള്ളതിന്റെ പേരില്‍ ആത്മഹത്യാപ്രേരണക്കേസ് ചുമത്താന്‍ കഴിയില്ലെന്നും വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ഹൈക്കോടതികള്‍ക്ക് കഴിയണമെന്ന് സുപ്രീംകോടതി വിശദമാക്കി.

സംസ്ഥാനസര്‍ക്കാര്‍ വിരോധമുള്ളവരോട് ഇത്തരം നടപടി സ്വീകരിച്ചാല്‍ സുപ്രീംകോടതിക്ക് ഇടപെടേണ്ടി വരും. ഹൈക്കോടതികള്‍ അവരുടെ കടമ നിര്‍വ്വഹിക്കുന്നതില്‍ പരാജയപ്പെടുന്നു എന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. ഇടക്കാല ജാമ്യം നല്‍കണമെന്ന അര്‍ണബ് ഗോസ്വാമിയുടെ ആവശ്യം മുംബൈ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഈ ഉത്തരവിനെതിരെയാണ് അര്‍ണബ് സുപ്രീംകോടതിയെ സമീപിച്ചത്.

Related Posts

error: Content is protected !!