ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവം: അഭീലിന്റെ മരണത്തിനു കാരണക്കാർ 4 പേർ

PALA, APHELL JOHNSON, HAMER, DEATH, PALA

കോട്ടയം: പാലായില്‍ കായികമേളയ്ക്കിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ കുറ്റക്കാരായ സംഘാടകരെ അറസ്റ്റ് ചെയ്യേണ്ടെന്ന് പൊലീസ് തീരുമാനം. അന്വേഷണം പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനാണ് നീക്കം. കോടതിയുടെ നിര്‍ദേശാനുസരണം തുടര്‍ നടപടി സ്വീകരിച്ചാല്‍ മതിയെന്നും ജില്ലാ പൊലീസ് മേധാവി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. അത്‌ലറ്റിക് അസോസിയേഷന്‍ സംഘടിപ്പിച്ച സംസ്ഥാന ജൂനിയര്‍ മീറ്റിനിടെയാണ് ഹാമര്‍ തലയില്‍ വീണ് വൊളന്‍റിയറായ അഭീല്‍ ജോണ്‍സണ്‍ മരിച്ചത്.

ഒരേസമയം ജാവലിന്‍, ഹാമര്‍ ത്രോ മത്സരങ്ങള്‍ സംഘടിപ്പിച്ചതും ഒരേ ഫിനിഷിങ് പോയിന്‍റ് നിശ്ചയിച്ചതുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ ബോധ്യപ്പെട്ടിരുന്നു. ഇതിനു കാരണക്കാര്‍ നാല് പേരാണെന്ന് പൊലീസ് ഒടുവില്‍ കണ്ടെത്തി. ത്രോ മത്സരങ്ങളുടെ റഫറി മുഹമ്മദ് കാസിം, ത്രോ ഇനങ്ങളുടെ വിധികര്‍ത്താവായ ടി.ഡി.മാര്‍ട്ടിന്‍, സിഗ്നല്‍ നല്‍കാന്‍ ചുമതലയിലുണ്ടായിരുന്ന ഒഫിഷ്യല്‍മാരായ കെ.വി.ജോസഫ്, പി. നാരായണന്‍കുട്ടി എന്നിവരാണ് കുറ്റക്കാര്‍. ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കുറ്റക്കാരെ കണ്ടെത്തിയെങ്കിലും അറസറ്റ് വേണ്ടെന്നാണ് തീരുമാനം. നിസാര വകുപ്പ് ചുമത്തിയതിനാല്‍ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ പ്രതികളെ ജാമ്യത്തില്‍ വിടേണ്ടിവരും.

ഇത് ഒഴിവാക്കി കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാനാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതെന്നാണ് പൊലീസിന്‍റെ വിശദീകരണം. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും കുറ്റക്കാരെ കണ്ടെത്താന്‍ പൊലീസിന് കഴിയാതിരുന്നത് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Read Previous

ലൈംഗികാതിക്രമം : പൊലീസില്‍ പരാതി നല്‍കിയതിന് വിദ്യാര്‍ത്ഥിനിയ്ക്കും മാതാവിനും നേരെ ഗുണ്ടാക്രമണം

Read Next

കൊ​ച്ചി മേ​യ​ര്‍ സൗ​മി​നി ജെ​യി​ന്‍ ഇന്ന് രാ​ജി പ്ര​ഖ്യാ​പി​ച്ചേ​ക്കും

error: Content is protected !!