തട്ടിക്കൊണ്ടു പോയ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

WELLWISHER ADS RS

തിരുവനന്തപുരം: കരമനയില്‍ നിന്നും ഇന്നലെ പട്ടാപ്പകല്‍ തട്ടിക്കൊണ്ടു പോയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കരമന കൈമനത്തിനടുത്തുള്ള ഒരു ബൈക്ക് ഷോറൂമിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയിത്. കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെയാണ് തട്ടിക്കൊണ്ടു പോയതിന് അടുത്ത ദിവസം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശിയായ അനന്തുവിനെ ഇന്നലെ വൈകിട്ടോടെയാണ് കരമനയ്ക്ക് അടുത്ത് തളിയില്‍ നിന്നും അക്രമിസംഘം കടത്തി കൊണ്ടു പോയത്. ബൈക്കില്‍ കരമന ഭാഗത്തേക്ക് വരികയായിരുന്ന അനന്തുവിനെ കാറിലെത്തിയ രണ്ടംഗ സംഘമാണ് കടത്തി കൊണ്ടുപോയതെന്നാണ് വിവരം.

അതേസമയം യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവം അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കോരി സഞ്ജയ് കുമാര്‍ ഗരുഡിന്‍ പറഞ്ഞു. ഇന്നലെ യുവാവിനെ കാണാതായ വിവരം അറിഞ്ഞപ്പോള്‍ മുതല്‍ അന്വേഷണം വ്യാപിപ്പിച്ചിരുന്നുവെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.

അനന്തു ഗിരീഷിന്‍റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റത്തിന്‍റെ പാടുകള്‍ ഉള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടു കൈയിലേയും ഞരമ്പുകൾ മുറിഞ്ഞ നിലയിലാണ്. കരമന-കളിയക്കാവിള ദേശീയപാതയിൽ കൈമനത്തിന് അടുത്തുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇതിനിടയില്‍ അനന്തുവിന്‍റെ ഫോണിലേക്ക് ഒരു സുഹൃത്ത് വിളിച്ചതോടെയാണ് ഇയാളെ തട്ടിക്കൊണ്ടുപോയ വിവരം പുറംലോകം അറിയുന്നത്. ഈ കോളിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫായി. പരാതിയുടെ അടിസ്ഥാനത്തില്‍ കരമനയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ച പൊലീസ് അനന്തുവിനെ തട്ടിക്കൊണ്ടു പോയ കാര്‍ തിരിച്ചറിഞ്ഞിരുന്നു. തമ്പാനൂർ ഭാ​ഗത്തേക്ക് കാർ എത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. കാർ കണ്ടെത്താനായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം കൊഞ്ചിറവിളയിൽ നടന്ന ഉത്സവത്തിനിടെ അനന്തുവിന്റെ സുഹൃത്തുകളും മറ്റൊരു സംഘവുമായി സംഘർഷമുണ്ടായിരുന്നു. ഇതിന് പ്രതികാരമായാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നി​ഗമനം.

Subscribe to our newsletter

Leave A Reply

Your email address will not be published.