01 RDads Front Top Josco

നഗ്നരംഗം ചിത്രീകരിച്ച അനുഭവം പങ്കുവച്ച് അമല പോൾ

ആടൈ ഒരു പരീക്ഷണ ചിത്രമാണെന്നും സിനിമ തന്നെ വേണ്ടെന്നു വെച്ച സമയത്താണ് ആടൈ തേടിയെത്തിയതെന്നും അമല പോൾ.

ആടൈയുടെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് കരിയറില്‍ താന്‍ നേരിട്ട പ്രതിസന്ധിയെക്കുറിച്ച് നടി തുറന്നുപറഞ്ഞത്. ട്രെയിലറിലെ വിവാദരംഗത്തെക്കുറിച്ചും അമല പോള്‍ പ്രതികരിച്ചു.

‘നായികാ പ്രധാന്യമുള്ള വേഷമെന്നു പറഞ്ഞ് പലരും എന്നോടു കഥകള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതെല്ലാം കള്ളമാണെന്നാണ് പിന്നീടു മനസ്സിലായി. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പ്രതികാരം, സര്‍വവും ത്യജിക്കുന്ന അമ്മയുടെ ജീവിതം, ഭര്‍ത്താവിനെ മതിമറന്നു സ്‌നേഹിക്കുന്ന ഭാര്യയുടെ വേഷം ഇത്തരം കഥാപാത്രങ്ങളാണ് തേടിയെത്തിയിരുന്നത്. എനിക്ക് അതിലൊന്നും താല്‍പര്യമുണ്ടായിരുന്നില്ല. ഒടുവില്‍ ഞാന്‍ മാനേജരോടു പറഞ്ഞു– മതി ഞാന്‍ അഭിനയം നിര്‍ത്തുകയാണ്.’

‘അങ്ങനെ ഇരിക്കുമ്പോഴാണ് ആടൈയുടെ കഥ കേള്‍ക്കുന്നത്. സത്യത്തില്‍ തിരക്കഥയുടെ ആദ്യ പേജ് വായിച്ചപ്പോള്‍ത്തന്നെ ഞാന്‍ ഞെട്ടിപ്പോയി. ഇത് ഏതെങ്കിലും ഇംഗ്ലിഷ് സിനിമയുടെ റീമേക്ക് ആകുമെന്നാണ് കരുതിയത്.

വളരെ ആഴത്തിലാണ് സംവിധായകൻ കഥ പറഞ്ഞിരിക്കുന്നത്. അങ്ങനെ സംവിധായകനോടു വരാൻ പറഞ്ഞു. ഡൽഹിയിൽവച്ചാണ് ഞാനും രത്നകുമാറും കൂടിക്കാഴ്ച നടത്തുന്നത്. മുടിയും താടിയും നീട്ടിയൊരു കഥാപാത്രം. അങ്ങനെ അദ്ദേഹം രണ്ടു മണിക്കൂറു കൊണ്ട് കഥ പറഞ്ഞു. ഏതെങ്കിലും ഇംഗ്ലിഷ് സിനിമയുടെ റീമേക്ക് ആണോയെന്ന് വീണ്ടും ചോദിച്ചു. യഥാർഥ കഥയാണെന്ന് അദ്ദേഹം ഉറപ്പുനൽകി.’– അമല പറഞ്ഞു.

‘വിവസ്ത്രയായി എനിക്ക് ഒരു രംഗത്തിൽ അഭിനയിക്കണമായിരുന്നു. ഇതെല്ലാം സമ്മതിച്ചു കൊണ്ടാണ് കരാറിൽ ഒപ്പിട്ടതെങ്കിലും ആ സമയത്ത് നമുക്ക് സ്വാഭാവികമായും ടെൻഷൻ ഉണ്ടാകും. എന്റെ സുരക്ഷയുടെ കാര്യത്തിൽ ആശങ്ക ഉണ്ടായിരുന്നു. സെറ്റിൽ എത്രപേരുണ്ടാകും, സെക്യൂരിറ്റി ഉണ്ടാകുമോ അങ്ങനെ പല കാര്യങ്ങള്‍.

ഇക്കാര്യത്തിൽ സംവിധായകൻ രത്നകുമാറും സംഘവും എന്റെ സുരക്ഷ ഉറപ്പ് വരുത്തി. ആദ്യം എല്ലാവരുടെയും മൊബൈൽ ഫോൺ വാങ്ങിച്ചു വച്ചു. അതിനു ശേഷം സെറ്റിലെ അംഗ സംഖ്യ പതിനഞ്ചാക്കി കുറച്ചു. അപരിചിതരെയും ഞാനുമായി അടുപ്പമില്ലാത്തവരെയും സെറ്റിനു പുറത്തു നിർത്തി.

ഇൗ പതിനഞ്ച് പേരും എന്റെ സുരക്ഷ ഉറപ്പ് വരുത്തി. പാഞ്ചാലിയുടെ സുരക്ഷക്കായി അഞ്ചു ഭർത്താക്കന്മാർ ഉണ്ടായിരുന്നു. എന്നാൽ ആടൈയുടെ സെറ്റിൽ എന്റെ സുരക്ഷയ്ക്കായി പതിനഞ്ച് ഭർത്താക്കന്മാർ ഉണ്ടായിരുന്നു എന്നു പറയുന്നതാവും ശരി. അവരുടെ സാന്നിധ്യവും അവർ നൽകിയ സുരക്ഷയും കൊണ്ടാണ് എനിക്ക് ടെൻഷൻ കൂടാതെ അഭിനയിക്കാൻ കഴിഞ്ഞത്.

ഈ പടം പരാജയപ്പെട്ടാൽ നിങ്ങളുടെ കരിയർ എന്താകും എന്നൊക്കെ കമന്റുകൾ കണ്ടിരുന്നു. അവരോടൊക്കെ ഒന്നുമാത്രം പറയുന്നു, ‘എനിക്ക് ഒന്നുമില്ല.’ ഓരോ സിനിമയ്ക്കും ഓരോ വിധിയുണ്ട്. അത് ഈ ചിത്രത്തിനും സംഭവിക്കും.’–അമല വ്യക്തമാക്കി.

ക്രൈം ത്രില്ലര്‍ ജോണറിലുള്ള ചിത്രമാണ് ആടൈ. അമല പോളിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ് ഈ സിനിമയിലെ കഥാപാത്രമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രത്നകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കാമിനി എന്ന കഥാപാത്രമായാണ് അമല എത്തുന്നത്. ടോയ്‌ലറ്റ് പേപ്പര്‍ ശരീരത്തില്‍ ചുറ്റി അര്‍ധനഗ്നയായി മുറിവുകളോടെ നില്‍ക്കുന്ന അമല പോളിനെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണിച്ചത്.

വയലന്‍സ് രംഗങ്ങളുടെ അതിപ്രസരം കാരണം സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് ആണ്. ജൂലൈ 19 നു ചിത്രം തിയറ്ററുകളിലെത്തും.

Subscribe to our newsletter
11 RDads Place Your ads small

Comments are closed.