ആലുവ സ്വർണ കവര്‍ച്ചാക്കേസ്: പ്രതികളെപ്പറ്റി സൂചനയില്ല

കൊച്ചി: ആലുവ ഇടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ട് വന്ന 21 കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനം. കമ്പനി ജീവനക്കാരടക്കം മുപ്പത്തിരണ്ട് പേരെയാണ് ഇതുവരെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.

എന്നാല്‍ പ്രതികളെ പറ്റി സൂചന ലഭിക്കുന്ന തെളിവുകളൊന്നും ഇവരില്‍ നിന്നും ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് കേസില്‍ കൂടുതല്‍പേരെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ചാകേസിലെ പ്രതികളെയും അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്യും.

സ്വര്‍ണവുമായി ബൈക്കില്‍ കടന്ന രണ്ടുപേരെ തിരിച്ചറിയാന്‍ സ്വര്‍ണ കമ്പനിയിലേതടക്കം പ്രദേശത്തെ മൂന്ന് സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും ബൈക്കിന്റെ പിന്നിലുണ്ടായിരുന്ന ആള്‍ മാത്രമാണ് ഹെല്‍മറ്റ് ധരിച്ചിരുന്നതെന്ന് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.

ഈ സൂചനയുടെ ചുവടുപിടിച്ച് പരിസരത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. പ്രതികള്‍ ഉപയോഗിച്ച ബൈക്ക് ഇടയ്ക്കുവച്ച് മാറി മറ്റൊരു വാഹനത്തില്‍ പോയെന്നും പൊലീസ് സംശയിക്കുന്നു. ഇത്തരത്തില്‍ വാഹനങ്ങള്‍ മാറുന്നതിന്റെ ദൃശ്യങ്ങള്‍ക്കായും അന്വേഷണം നടക്കുന്നുണ്ട്.

Subscribe to our newsletter

Leave A Reply

Your email address will not be published.