അടിമാലിയില്‍ രോഗിയായ വീട്ടമ്മയെ കാറില്‍ ഉപേക്ഷിച്ചു

ADIMALI

അടിമാലി: രോഗിയും 55കാരിയുമായ വീട്ടമ്മയെ അടിമാലി ടൗണിനു സമീപം ദേശിയപാതയോരത്ത് വാഹനത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വയനാട് സ്വദേശിനിയായ ലൈലാ മണിയെയാണ് വാഹനത്തില്‍ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. രണ്ട് ദിവസമായി പാതയോരത്ത് കിടന്നിരുന്ന കാര്‍ ശ്രദ്ധയില്‍പ്പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍ വിവരം അടിമാലി പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കെ എല്‍ 12 സി 4868 എന്ന ആള്‍ട്ടോ കാറിലാണ് 55 കാരിയായ വീട്ടമ്മയെ കണ്ടെത്തിയത്. രണ്ട് ദിവസമായി പാതയോരത്ത് വാഹനം നിര്‍ത്തിയിട്ടിരിക്കുന്നത് ടൗണിലെ ഓട്ടോ റിക്ഷ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വാഹനം പോകാതെ വരികയും വാഹനത്തിനുള്ളില്‍ വീട്ടമ്മയെ കാണുകയും ചെയ്തതോടെ ഓട്ടോ റിക്ഷ ഡ്രൈവര്‍മാര്‍ വിവരം അടിമാലി പൊലീസില്‍ അറിയിച്ചു. പരിശോധനയില്‍ വീട്ടമ്മയുടെ ഒരു വശം തളര്‍ന്ന് പോയിട്ടുള്ളതായി മനസ്സിലാക്കുകയും തുടര്‍ന്നവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

വാഹനത്തിന്റെ താക്കോലും, വീട്ടമ്മയുടേതെന്ന് കരുതുന്ന വസ്ത്രങ്ങളും ചില ബാങ്കിടപാട് രേഖകളും കാറിനുള്ളില്‍ ഉണ്ടായിരുന്നു. വാഹന നമ്ബര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തില്‍ വീട്ടമ്മയുടെ ഭര്‍ത്താവ് വയനാട് സ്വദേശിയായ മാത്യുവാണെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക സൂചന. അതേ സമയം താനും ഭര്‍ത്താവുമൊത്ത് കട്ടപ്പന ഇരട്ടയാറ്റിലുള്ള മകന്റെ വീട്ടിലേക്ക് പോകുകയായിരുന്നെന്നും അടിമാലിയില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് മൂത്രമൊഴിക്കാനായി കാറില്‍ നിന്നും ഇറങ്ങി പോയതായും ചികത്സയില്‍ കഴിയുന്ന വീട്ടമ്മ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അടിമാലി പൊലീസ് അന്വേഷണം തുടങ്ങി.

Read Previous

ഗിന്നസ് റെക്കോര്‍ഡിനായി ഭീമന്‍ കേക്ക്; ബൈക്ക് യാത്രികന്റെ തോളെല്ല് പൊട്ടിച്ചു

Read Next

സബ് കളക്ടറും ഡോക്ടറും തമ്മിൽ കസേരയെച്ചൊല്ലി തർക്കം : വീഡിയോ വൈറൽ

error: Content is protected !!