പെരുമ്പാവൂരിലെ അബ്ക്കാരി കോണ്‍ട്രാക്ടറുടെ വീട്ടില്‍ കയറി ആധാരം മോഷ്ടിച്ച കേസിലെ പ്രതികളെ നാടകീയമായി പിടികൂടി

പെരുമ്പാവൂര്‍: പിഴവ് വരുത്താത്ത മാസ്റ്റര്‍ പ്ലാന്‍. പ്രതികളുടെ സഹായിയെ ഉപയോഗിച്ചുള്ള പോലീസ് ഓപ്പറേഷന്‍. സിനിമയെ വെല്ലുന്ന തിരക്കഥയില്‍ കോടനാട് പോലീസ് പിടികൂടിയത് ഒരു മാസത്തിലേറെ കബളിപ്പിച്ചു നടന്ന മോഷ്ടാക്കളെ. പെരുമ്പാവൂരിലെ അബ്ക്കാരി കോണ്‍ട്രാക്ടറുടെ വീട്ടില്‍ കയറി ആധാരം മോഷ്ടിച്ച കേസിലാണ് ഒരു മാസത്തിലേറെയായി പിടിതരാതെ മുങ്ങി നടന്ന മോഷ്ടാക്കളെ വിദഗ്ദമായി പോലീസ് പിടികൂടിയത്. തോട്ടുവ സ്വദേശികളായ പാറയില്‍ കുട്ടന്‍ എന്ന് വിളിക്കുന്ന ജൈജോ (36) പനയില്‍ക്കുടി വീരപ്പന്‍ എന്നു വിളിക്കുന്ന നോബി (29) എന്നിവരെയാണ് അബ്ക്കാരി കോണ്‍ട്രാക്ടര്‍ തോട്ടുവ നെടുങ്കണ്ടത്തില്‍ ജോയ് ജോസഫിന്റ വീട്ടില്‍ കയറി മോഷ്ടിച്ച കേസില്‍ അറസ്റ്റിലായത്. ഇവരെ സഹായിച്ച എളമ്പകപ്പിള്ളി സ്വദേശിയായ ഓട്ടോഡ്രൈവര്‍ കസ്റ്റഡിയിലുണ്ട്. മോഷണ സംഘത്തിലെ ഒരാള്‍ ഒളിവിലാണ്.

കഴിഞ്ഞ ഡിസംബര്‍ 12നായിരുന്നു കേസിനാസ്പദമായ സംഭവം. ജോയിയും, കുടുംബവും വൈകിട്ട് ഏഴിന് വീടുപൂട്ടി പുറത്തേക്കു പോയ തക്കം നോക്കി മോഷ്ടാക്കള്‍ വീടിനുള്ളില്‍ കടന്നു. ഇരുനില കെട്ടിടം മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും പണമോ സ്വര്‍ണ്ണമോ മോഷ്ടാക്കള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ മുകളിലെ നിലയിലെ മുറിയില്‍നിന്നും പണം അടങ്ങിയ ബാഗ് എന്നു കരുതിയ ഒരു സ്യൂട്ട്‌കേസ് മോഷ്ടാക്കള്‍ എടുത്തുകൊണ്ടുപോയി. മോഷണം നടന്നതറിഞ്ഞ അടുത്തദിവസം തന്നെ പോലീസില്‍ പരാതി നല്‍കി. കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികളെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. ഇതിനിടെ മോഷ്ടാക്കളിലൊരാള്‍ ജോയിയെ ബുധനാഴ്ച ഫോണില്‍ ബന്ധപ്പെട്ട് സ്യൂട്ട്‌കേസിലുണ്ടായിരുന്ന ആധാരം തിരികെ വേണമെങ്കില്‍ 10 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടു. അത്രയും തുക തന്റെ പക്കല്‍ ഇല്ലെന്നും മൂന്ന് ലക്ഷം തരാമെന്നും ജോയി പറഞ്ഞു. ഈ തുകയ്ക്ക് സമ്മതിച്ച മോഷ്ടാക്കള്‍ അടുത്ത ദിവസം മലയാറ്റൂരില്‍ വച്ച് ആധാരം കൈമാറാമെന്നു പറഞ്ഞുവെച്ചു. ഈ വിവരം പോലീസില്‍ അറിയിച്ചാല്‍ സ്‌കൂളില്‍ പഠിക്കുന്ന മകന്റെ മകനെ തട്ടിക്കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍ ഇക്കാര്യങ്ങളൊക്കെ ജോയി കോടനാട് പോലീസിനെ ധരിപ്പിച്ചു. പിന്നീട് പോലീസ് പ്രതികളെ കുടുക്കാനുള്ള തിരക്കഥ തയ്യാറാക്കി. പണം വാങ്ങാന്‍ നേരിട്ടെത്തുമെന്നു പറഞ്ഞ പ്രതികള്‍ ഒരു ഓട്ടോറിക്ഷ ഡ്രൈവറെ ദൗത്യം ഏല്‍പ്പിച്ച്പറഞ്ഞയച്ചു. സ്ഥലത്തെത്തിയ ഓട്ടോ ഡ്രൈവര്‍ ആധാരം നല്‍കി പണം ആവശ്യപ്പെട്ടപ്പോഴേക്കും പോലീസ് ചാടിവീണു ഡ്രൈവറെ പിടികൂടി. താന്‍ സംഘത്തിലുള്ളതല്ലെന്നും ആയിരം രൂപ തരാമെന്നും പറഞ്ഞ് തന്നെക്കൊണ്ട് ഇതു ചെയ്യിപ്പിക്കുകയായിരുന്നെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. തുടര്‍ന്ന് ഓട്ടോ ഡ്രൈവറെ കൊണ്ടുതന്നെ പ്രതികളെ ഫോണില്‍ ബന്ധപ്പെട്ട് അവര്‍ നില്‍ക്കുന്ന സ്ഥലം മനസിലാക്കിയശേഷം കോടനാട് പോലീസ് സ്‌റ്റേഷന് സമീപത്തുള്ള ബാറിനു മുന്നില്‍ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു.

Related News:  അതിർത്തി മേഖലയിൽ കാട്ടുപാതകളിലൂടെയുള്ള കഞ്ചാവ് കടത്ത് വ്യാപകമാകുന്നു

Read Previous

സാഹോയ്ക്ക് ശേഷം വിസ്മയിപ്പിക്കാന്‍ വീണ്ടും പ്രഭാസ്

Read Next

നിർഭയ കൂട്ടമാനഭം​ഗക്കേസ്: പ്രതികളെ ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് തൂക്കിലേറ്റും

error: Content is protected !!