കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ നടന് ടിനിടോമിനെതിരെ സൈബര്‍ ആക്രമണം വ്യാപകമായതോടെ മറുപടിയുമായി നടന് ഫേസ്ബുക്ക് ലൈവിലെത്തി. ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് തനിക്കെതിരായ സൈബര്‍ ആക്രമണമെന്നും എന്നാല്‍ തനിക്ക് അവരുമായി ഒരു ബന്ധവുമില്ലെന്നും ടിനി ടോം പറഞ്ഞു. ”ഇതുമായി ബന്ധപ്പെട്ട് തന്നെ പൊലീസ് വിളിപ്പിച്ചിട്ടില്ല, ചോദ്യം ചെയ്തിട്ടുമില്ല. പിന്നെന്തിനാണ് തനിക്കെതിരെ ഇത്തരം പ്രചരണങ്ങള്‍ സൃഷ്ടിക്കുന്നത്” ടിനി ടോം ചോദിക്കുന്നു. ഷംനയോ അന്വേഷണ ഉദ്യോഗസ്ഥരോ പറയാത്ത കാര്യങ്ങള്‍ ഊഹിച്ചെടുത്ത് പ്രചരിപ്പിക്കുകയാണെന്നും ടിനി പറഞ്ഞു.
തനിക്ക് സിനിമയില്‍ ഗോഡ് ഫാദറില്ല. ഒരു സൂപ്പര്‍ സ്റ്റാറിന്റെ മകനോ ബന്ധുവോ അല്ല ഞാനെന്നും ഏറെ കഷ്ടപ്പെട്ടാണ് ഈ നിലയില്‍ എത്തിയതെന്നും ടിനി ടോം പറഞ്ഞു. ഏറ്റവും ചെറിയ നടനാണ് ഞാന്‍. ഒരുപാട് കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയത്. സെര്‍വിക്കല്‍ സ്പോണ്ടിലോസിസ് എന്ന അസുഖം വന്നത് കെഎസ്ആര്‍ടിസി യാത്ര പതിവായതിനാലായിരുന്നു. അത്രയേറെ കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയതെന്നും ടിനി ടോം പറഞ്ഞു. സ്വയം കഷ്ടപ്പെട്ട് നേടിയെടുത്തതാണ്. ഒരു കള്ളക്കടത്തുകാരുമായും ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷംനാ കാസിമിന്റെ പരാതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന കേസുകളില്‍ ടിനി ടോമിനെ ചോദ്യം ചെയ്തു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ഫേസ്ബുക്ക് ലൈവില്‍ പ്രതികരണവുമായി താരം എത്തിയത്.


