തിരുവനന്തപുരം: രാജ്യം ആദരിക്കുന്ന മെട്രോ ശില്പിയായ ഇ.ശ്രീധരനെപോലും അപമാനിച്ചുകൊണ്ട് തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്നും ഡി.എം.ആര്.സിയെ ഒഴിവാക്കുന്നത് അഴിമതി നടത്താന്‍ വേണ്ടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ഈ അവിവേകത്തിന് ഇടതുമുന്നണി സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരും. കേരള ജനത പിണറായി സര്‍ക്കാരിന് ഒരിക്കലും മാപ്പ് നല്‍കില്ല.
കൊച്ചി മെട്രോയുടെ നിര്‍മാണത്തില്‍ ഇ ശ്രീധരനെയും, ഡി എം ആര് സിയെയും ഒഴിവാക്കുന്നവെന്ന് പറഞ്ഞ് മനുഷ്യചങ്ങല തീര്‍ത്തവരാണ് ഇന്ന് ലൈറ്റ് മെട്രോയില്‍ നിന്ന് ശ്രീധരനെ ഒഴിവാക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലേക്കുള്ള കേരളത്തിന്റെ മെട്രോ സ്വപ്നമാണ് ഇതോടെ തകര്‍ന്നടിയുന്നത്. മൂന്ന് മാസം കാത്തിരുന്നിട്ടും ശ്രീധരന് സന്ദര്‍ശനാനുമതി നല്കാന് മുഖ്യമന്ത്രി തയ്യാറായില്ലായെന്ന ശ്രീധരന്റെ പരാതി ഞെട്ടിക്കുന്നതാണ്. അധികാരത്തിന്റെ ഹുങ്കിലാണ് മുഖ്യമന്ത്രി.ലൈറ്റ് മെട്രോയുടെ സാങ്കേതിക വിദ്യ നിലവില്‍ ഇന്ത്യയില്‍ ഡി എം ആര് സിക്ക് മാത്രമെയുള്ളു. ഇവര്‍ മാറിയാല്‍ പുറമേ നിന്ന് ആ സാങ്കേതിക വിദ്യ സ്വീകരിക്കാന്‍ മൂന്നരിട്ടി ചിലവ് വരും. ഇന്ത്യയില്‍ ഏറ്റവും ലാഭകരമായി ഈ പദ്ധതി നടപ്പാക്കാന്‍ ഡി എം ആര് സിക്ക് മാത്രമെ കഴിയൂ. മാത്രമല്ല ശ്രീധരനെയും, ഡി എം ആര് സിയെയും ഏല്‍പ്പിച്ചാല്‍ ടെണ്ടര്‍ നടപടികള്‍ ഉള്പ്പെടെയുള്ളുവ അവരുടെ മേല്‍നോട്ടത്തിലെ നടക്കൂ. ഇതില്‍ നിന്നെല്ലാം ഡി എം ആര് സിയെയും ശ്രീധരനെയും ഒഴിവാക്കി വേണ്ടപ്പെട്ടവരില്‍ ചിലര്‍ക്ക് ഇതിന്റെ ഗുണം കിട്ടുക എന്ന ഗൂഡലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്.
കാലാവധി തീരുന്നത് വരെ കാത്തിരുന്നത് ഇ ശ്രീധരനെയും, ഡി എം ആര് സിയെയും ഒഴിവാക്കുന്നതിന് പിന്നില്‍ ഗൂഡലക്ഷ്യം വ്യക്തമാണ്. കരാര്‍ ഒപ്പിട്ട കാലാവധി കഴിഞ്ഞുവെന്നാണ് മുഖ്യമന്ത്രി പറയുന്നു. കരാറേ ഒപ്പിട്ടിട്ടില്ലന്നും അത് വേഗം ഒപ്പിട്ട് പണി തുടങ്ങണമെന്നായിരുന്നു തന്റെ ആവിശ്യമെന്നും ഇ ശ്രീധരന് വ്യക്തിമാക്കിയിട്ടുണ്ട്.
ഇന്ത്യയില്‍ മെട്രോയുടെ രാജശില്പിയാണ് ഇ.ശ്രീധരന്. കല്‍ക്കട്ട മെട്രോയും, ഡല്‍ഹി മെട്രോയും അതിശയകരമായ വേഗത്തിലും, കാര്യക്ഷമതയോടെയും പൂര്‍ത്തിയാക്കിയ ഇ.ശ്രീധരന്റെ സേവനം കിട്ടാന്‍ മറ്റ് സംസ്ഥാനങ്ങള്‍ കാത്തിരിക്കുമ്പോഴാണ് കേരളം അദ്ദേഹത്തെ അപമാനിച്ചയക്കുന്നത്. ശ്രീധരന്റെ കാര്യക്ഷമത കണക്കിലെടുത്താണ് യു.ഡി.എഫ് സര്‍ക്കാര്‍ അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ട് വരികയും മുഖ്യ ഉപദേഷ്ടാവാക്കി അദ്ദേഹത്തിന്റെ സേവനം സ്വീകരിക്കുകയും ചെയ്തത്. എന്നാല്‍ സങ്കുചിതമായ താല്പര്യത്തിന് വേണ്ടി ശ്രീധരന്റെ സേവനത്തെ അട്ടിമറിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.