മൂവാറ്റുപുഴ: ടാറില്‍ വീണ് പൊള്ളലേറ്റ ഇതരസംസ്ഥാന തൊഴിലാളിയുടെ രണ്ടര വയസുള്ള കുട്ടിയോട് കാരാറുകാരന്റെ കൊടും ക്രൂരത. ടാറിങ്ങ് സ്ഥലത്തെ ജോലിയ്ക്കാരായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടിയാണ് അപകടത്തില്‍ പെട്ടത്. ജോലിയ്ക്കിടെ ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ടര വയസുള്ള ആണ് കുട്ടി അബദ്ധത്തില്‍ ടാറില്‍ ചവിട്ടുകയായിരുന്നു. കാലിന് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ടാറിംഗ് ജോലിയ്ക്ക് ഉപയോഗിക്കുന്ന പെട്ടി ഓട്ടോറിക്ഷയില്‍ കുട്ടിയേയും, മാതാപിതാക്കളേയും കയറ്റി വിടുകയായിരുന്നു കരാറുകാരന്.
ഓടി കൊണ്ടിരിയ്ക്കുന്ന ഓട്ടോറിക്ഷയുടെ പെട്ടിയില്‍ അപകടകരമായ രീതിയില്‍ ഇതരസംസ്ഥാന തൊഴിലാളികളെയും, കരയുന്ന കുട്ടിയേയും കണ്ട ബൈക്കില്‍ വരികയായിരുന്ന കോഴിപ്പിള്ളി സ്വദേശി കെ.എം.അഫ്സല് വാഹനം തടയുകയായിരുന്നു. ഓട്ടോ റിക്ഷ നിറുത്തിച്ച ശേഷം പരിശോധിച്ചപ്പോഴായിരുന്നു കുഞ്ഞിന്റെ കാലിലെ പൊള്ളല്‍ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ അഫ്സല് തന്റെ സുഹൃത്തുക്കളായ മുഹമ്മദ് സാലിഹിനെയും, ഓട്ടോറിക്ഷ ഡ്രൈവറായ എബിയേയും വിളിച്ച് അറിയിക്കുകയും ഇവരുടെ സഹായത്തോടെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പരിശോധനയില്‍ ഗുരുതരമായി പൊള്ളലേറ്റതിനാല്‍ പ്രാഥമീക ചികിത്സ നല്‍കിയശേഷം ഡോക്ടര്‍മാര്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി നിര്‍ദ്ദേശിക്കുകയായിരുന്നു.
എന്നാല്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിന്ന ഇവര്‍ക്ക് ആവശ്യമായ സാമ്പത്തീക സഹായം ഒരുക്കി പെരുമ്പാവൂര്‍ വെങ്ങോലയിലുള്ള പൊള്ളല്‍ ചികിത്സാ കേന്ദ്രത്തിലേയ്ക്ക് മാറ്റുകയായിരുന്നു. ഈസമയം കരാറുകാരനെ വിളിയ്ക്കുന്നതിനായി പെട്ടി ഓട്ടോറിക്ഷ ഡ്രൈവറോട് ഫോണ്‍ നമ്പര്‍ ചോദിച്ചങ്കില് നമ്പര്‍ നല്‍കരുതെന്നാണ് നിര്‍ദ്ദേശമെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. ആയവന പഞ്ചായത്തില്‍ ടാറിംഗ് നടത്തുന്ന പായിപ്ര സ്വദേശിയായ കരാറുകാരനാണ് മനുഷ്വത്വം മരവിപ്പിക്കുന്ന പ്രവര്‍ത്തനത്തനം നടത്തിയത്.