മൂവാറ്റുപുഴ: നഗരവികസനത്തിന്റെ ഭാഗമായ റോഡ് നവീകരണം അനന്തമായി നീണ്ടു പോകുന്നതില്‍ പ്രതിഷേധിച്ചും, എംസി റോഡില്‍ വെള്ളൂര്‍ക്കുന്നം മുതല്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന് വരെയുള്ള ഭാഗത്ത് തകര്‍ന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ മൂവാറ്റുപുഴ ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും, യോഗവും നടത്തി. സിപിഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധമാര്‍ച്ച് വെള്ളൂര്‍ക്കുന്നത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടക്കല്‍ ഉദ്ഘാടനം ചെയ്തു.
റോഡ് നവീകരണത്തിന്റെ പേരിലും കാലവര്‍ഷക്കെടുതിയാലും മൂവാറ്റുപുഴ നഗരം സഞ്ചാരയോഗ്യമല്ലാതായിനിരവധി രോഗികളുമായി ആംബുലന്‍സുകളും, സ്കൂള്‍ വിദ്യാര്‍ഥികളുമായി നിരവധി സ്കൂള്‍ വാഹനങ്ങളും ആയിരക്കണക്കിന് യാത്ര-ചരക്ക് വാഹനങ്ങളും സഞ്ചരിക്കുന്ന മൂവാറ്റുപുഴ നഗരത്തിലെ റോഡുകള്‍ അപകടഗര്ത്തങ്ങളായി മാറിക്കഴിഞ്ഞു. ഈ റോഡിലെ ഗതാഗതക്കുരുക്കും,റോഡിന്റെ ശോചനീയാവസ്ഥയും മൂലം നഗരത്തിലെ വ്യാപാരി- വ്യവസായികളും വളരെ ദുരിതം അനുഭവിച്ചു വരികയാണെന്നും, ഉത്തരവാദിത്ത്വപ്പെട്ട സ്ഥലം എംഎല്‍എയും, നഗരസഭയും നോക്കുകുത്തികളായി മാറിയെന്നും ജോളി പൊട്ടക്കല്‍ പറഞ്ഞു.
പ്രതിഷേധ സമരത്തിന് മണ്ഡലം കമ്മിറ്റി അംഗം സി എം ഇബ്രാഹിം കരീം അധ്യക്ഷത വഹിച്ചു. ലോക്കല്‍ സെക്രട്ടറി കെ പി അലിക്കുഞ്ഞ് സ്വാഗതം പറഞ്ഞു. നേതാക്കളായ പി.വി.ജോയി, ഷാജി അലിയാര്, എം വി സുഭാഷ്, കൗണ്‍സിലര്‍മാരായ പി.വി.രാധാകൃഷ്ണന്, ഫൗസിയ അലി, മീരകൃഷ്ണന്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ടി എം ഹാരിസ്, അസീസ് തെങ്ങിന്‍തോട്ടം, ഇഖ്ബാല്‍ കുര്യന്മല, ഷാജി പാലത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു.