അമേരിക്കയില്‍ വെടിവയ്പ്; 20 പേര്‍ കൊല്ലപ്പെട്ടു, കൊലയാളി 21 വയസ്സുകാരന്‍

ടെക്‌സാസ് അമേരിക്കയിലെ ടെക്‌സാസ്, എല്‍ പാസോയില്‍ വാള്‍മാര്‍ട് സ്റ്റോറില്‍ തോക്കുധാരി നടത്തിയ വെടിവയ്പില്‍ 20 മരണം. ശനിയാഴ്ചയായിരുന്നു ആക്രമണം നടന്നത്.

ടെക്‌സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണത്തില്‍ സാധനങ്ങള്‍ വാങ്ങുന്നതിനായി എത്തിയവരാണ് ഇരയായതെന്ന് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് വ്യക്തമാക്കി. 21 വയസ്സ് മാത്രം പ്രായമുള്ള യുവാവാണു പ്രതി. ഡാലസിനു സമീപമുള്ള അലെന്‍ സ്വദേശിയാണ് ഇയാള്‍. അക്രമത്തിനു പിന്നാലെ പ്രതി പൊലീസില്‍ കീഴടങ്ങി.

സ്പാനിഷ് വംശജര്‍ക്കു ഭൂരിപക്ഷമുള്ള മേഖലയാണ് ആക്രമണം നടന്ന എല്‍ പാസോ. വളരെ മോശം റിപ്പോര്‍ട്ടുകളാണുള്ളതെന്നും നിരവധി പേര്‍ മരിച്ചതായും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ടെക്‌സാസ് ഗവര്‍ണറുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം.

വെടിയേറ്റവര്‍ സ്ഥാപനത്തിന്റെ വാഹന പാര്‍ക്കിങ് സ്ഥലത്തു വീണുകിടക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വെടിവയ്പുണ്ടായ ഉടനെ കടയിലുണ്ടായിരുന്നവര്‍ ഭയന്ന് ഓടുന്നതും വിഡിയോയിലുണ്ട്. സംഭവത്തില്‍ 40 പേര്‍ക്കു പരുക്കേറ്റതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തില്‍ മരണം സംഭവിച്ചിട്ടുണ്ടെന്നും എന്നാല്‍ മരണ സംഖ്യ എത്രയെന്നു പറയാന്‍ സാധിക്കില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനായ റോബര്‍ട്ട് ഗോമസ് യുഎസ് മാധ്യമങ്ങളോടു പറഞ്ഞു.

Read Previous

നവജാത ശിശുവിന്‍റെ മൃതദേഹം ചവറുകൂനയില്‍

Read Next

കോടിക്കണക്കിന് രൂപയുടെ വ​ജ്ര​ങ്ങ​ളു​മാ​യി യുവാവ് അറസ്റ്റില്‍

error: Content is protected !!